തിരുവനന്തപുരം : കേരളത്തിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാവുകയും, പരിക്കേൽക്കുകയും, ജീവൻ നഷ്ടമാവുകവും ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആറ് വർഷത്തിനിടെ നായ്‌ക്കളുടെ കടിയേറ്റത് പത്ത് ലക്ഷത്തിലധികം ആളുകൾക്കാണ്. ഇതിൽ രണ്ട് ലക്ഷത്തോളം പേരെ കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് തെരുവ് നായ്‌ക്കൾ ആക്രമിച്ചത്. തെരുവ് നായ ആക്രമണത്തിൽ 21 പേർക്ക് ജീവൻ നഷ്ടമായി.
പ്രതിദിനം ആയിരത്തോളം പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തനംതിട്ട സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഇതിന്റെ അവസാനത്തെ ഇര.
തെരുവ് നായയുടെ കടിയേറ്റ് മരിക്കുന്നവരിൽ പലരും വാക്‌സിൻ എടുത്തവരാണ്. മരിച്ച 21 പേരിൽ ആറ് പേരും വാക്‌സിൻ എടുത്തിരുന്നു. ഇവർക്കെല്ലാം മുഖത്തും, ചെവിയിലും, കഴുത്തിലുമാണ് കടിയേറ്റത്. ഈ ഭാഗങ്ങളിലെ മുറിവുകൾ തലച്ചോറിനെ കൂടുതൽ ബാധിക്കും. വാക്‌സിൻ എടുത്താലും ഫലം കുറവായിരിക്കും എന്നാണ് വിദഗ്ധരുടെ വിശദീകരണം. എന്നാൽ വാക്‌സിൻ സ്വീകരിച്ചിട്ടും മരണം സംഭവിച്ചതിന് കാരണം വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തത് കൊണ്ടാണെന്ന ആരോപണങ്ങളുമുണ്ട്.
ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കനുസരിച്ച് ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റിരുന്നു. ജൂലൈയിൽ മാത്രം 38,666 പേർക്കാണ് നായ കടിയേറ്റത്. 2016 നെ അപേക്ഷിച്ച് 2022 ൽ പേവിഷബാധ പ്രതിരോധ വാക്‌സിന്റെയും പ്രതിരോധ സീറത്തിന്റെയും ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിൽ പേപ്പട്ടിയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ 200 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ.
എന്നാൽ സർക്കാരിന്റെ വന്ധ്യംകരണം പദ്ധതി ഇപ്പോഴും അനക്കമില്ലാതെ തുടരുകയാണ്. പല ജില്ലകളിലും വന്ധ്യംകരണം നടക്കുന്നില്ല. റോഡിലും പൊതുസ്ഥലത്തും നായ്‌ക്കൾ കൂട്ടമായും അല്ലാതെയും വിഹരിക്കുമ്പോൾ നായ കടിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന നിലയ്‌ക്കാണ് സർക്കാരിന്റെ പ്രവർത്തനം.
Comments