ന്യൂഡൽഹി: കൊച്ചി മെട്രോ ഐടി ഹബ്ബായ കാക്കനാട്ടേയ്ക്കും. 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന് അനുമതി നൽകി കേന്ദ്രം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്ക്നാട് ഇൻഫോ പാർക്ക് വരെയാണ് രണ്ടാംഘട്ടം. രണ്ടാം ഘട്ടത്തിൽ 11 സ്റ്റേഷനുകൾ 1,957 കോടി രൂപ ചിലവിലാകും നിർമ്മിക്കുക.
കൊച്ചി മെട്രോ നേരിട്ടാകും പദ്ധതിയുടെ നിർമ്മാണം നിർവഹിക്കുക.പദ്ധതിയ്ക്ക് അനുമതി ലഭിച്ചതോടെ കലൂർ – കാക്കനാട് പാതയിലെ സ്ഥലമേറ്റെടുപ്പും ഉടൻ തന്നെ ആരംഭിക്കും. കാക്കനാട് ,ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പനിക്ക് കൈമാറി.226 ഭൂഉടമകൾക്കായി 132 കോടി രൂപ നൽകി.തൃപ്പൂണിത്തുറ,വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്. കടയുടമകൾക്കും,വാടകക്കാർക്കുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുമെന്നും കമ്പനി അറിയിച്ചു.
രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. രണ്ടാം ഘട്ടത്തോടെ നഗരത്തിലെ ഗതാഗത കുരുക്കും കുറയുന്നതിനോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇൻഫോപാർക്കിൽ മെട്രോ എത്തിയാൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും.നിലവിൽ 24 സ്റ്റേഷനുകളിലായി ആലുവ തുടങ്ങി കൊച്ചി നഗരം ചുറ്റി 27 കിലോമീറ്റർ പിന്നിട്ട് എസ് എൻ ജംഗ്ഷനിലാണ് മെട്രോ അവസാനിക്കുന്നത്.
Comments