ആവേശം, ആഹ്ലാദം; ആറന്മുള സദ്യയ്‌ക്കുള്ള തിരുവോണത്തോണിയെത്തി

Published by
Janam Web Desk

പത്തനംതിട്ട: തിരുവോണസദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിൽ എത്തി. തിരുവോണത്തോണിയിൽ കൊണ്ട് വന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തിൽ സദ്യയൊരുക്കുക.കൊറോണ മഹാമാരിയ്‌ക്ക് ശേഷം ഒന്നിച്ചോണം ആഘോഷിക്കാനെത്തിയ ജനങ്ങൾ ആവേശപൂർവ്വമാണ് തിരുവോണത്തോണിയെ വരവേറ്റത്.

പരമ്പാരഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ചെ ആറന്മുള ക്ഷേത്രകടവിൽ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ ഓണ വിഭവങ്ങളുമായി തിരുവോണ തോണി കാട്ടൂരിൽ നിന്ന് പുറപ്പെട്ടത്.

ചോതിനാൾ മുതൽ കാട്ടൂരിലെ 18 നായർ കുടുംബങ്ങൾ തയ്യാറാക്കുന്ന വിഭവങ്ങളും ഒപ്പം ഭക്തർ വഴിപാട് സമർപ്പിക്കുന്ന വിഭവങ്ങളുമാണ് തിരുവോണയിൽ ആറന്മുളയിൽ എത്തിക്കുന്നത്.പമ്പാനദിയുടെ കിഴക്കൻ മേഖലയിലെ പള്ളിയോടങ്ങൾ കാട്ടൂരിൽ നിന്ന് തിരുവോണത്തോണിക്ക് അകമ്പടിയായി എത്തിയിരുന്നു.വിഭവങ്ങൾക്കൊപ്പം അടുത്ത ഒരുവർഷത്തേയ്‌ക്ക് കെടാവിളക്കിൽ കത്തിക്കാനുള്ള ദീപവും തോണിയിൽ എത്തിച്ചു. തോണി എത്തി ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്ക് തെളിച്ചതിന് ശേഷമാണ് സദ്യ ഒരുക്കിയത്.

Share
Leave a Comment