ലണ്ടൻ: ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞി മരിച്ചാൽ ചില പ്രത്യേക നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിലെ മാർഗനിർദേശങ്ങൾ കഴിഞ്ഞ വർഷമാണ് പുറത്തായത്. മരണം സ്ഥിരീകരിച്ച് കഴിഞ്ഞാൽ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ‘ലണ്ടൻ ബ്രിജ് ഈസ് ഡൗൺ’ എന്നാണ് പറയുന്നത്. രാജ്യത്ത് എല്ലായിടത്തേയും പതാകകൾ താഴ്ത്തിക്കെട്ടണം. ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് നൽകും.
ബ്രിട്ടന്റെ ദേശീയ മാദ്ധ്യമമായ ബിബിസി മരണവിവരങ്ങൾ പുറത്ത് വിടും. ബക്കിങ്ങാം കൊട്ടാരത്തിന് പുറത്തും മരണവിവരം പ്രദർശിപ്പിക്കണം. വെസ്റ്റ്മിനിസ്റ്റർ ഹാളിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പത്ത് ദിവസം നീളുന്ന വലിയ വിടവാങ്ങൽ ചടങ്ങാണ് ഇനി നടക്കാൻ പോകുന്നത്. മൃതദേഹം ഇന്നാണ് ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ എത്തിക്കുന്നത്. തുടർന്ന് അഞ്ച് ദിവസം രാജകുടുംബാംഗങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും വിവിഐപികൾക്കും ആദരം അർപ്പിക്കാനുള്ള ദിവസങ്ങളാണ്. അവസാനത്തെ മൂന്ന് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം. 10ാം ദിവസം മാത്രമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
വിൻഡ്സർ കോട്ടയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും പിതാവ് ജോർജ് ആറാമനേയും അടക്കം ചെയ്തിരിക്കുന്നതിന് സമീപമായിരിക്കും എലിസബത്ത് രാജ്ഞിയേയും അടക്കം ചെയ്യുക. രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിൽ ഔദ്യാഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പാർലമെന്റ് 10 ദിവസത്തേക്ക് നിർത്തിവച്ചു.
Comments