ന്യൂഡൽഹി: ഇന്നലെ മുതൽ ചൈന നടത്തുന്ന പിന്മാറ്റം ഒരു മേഖലയിൽ നിന്ന് മാത്രമെന്ന് ഇന്ത്യൻ സൈന്യം. അതിർത്തിയിലെ എല്ലാ മേഖലയിൽ നിന്നും പിന്മാറാമെന്നുള്ള ധാരണയിൽ പട്രോളിംഗ് പോയിന്റ് 15 എന്ന ഗോഗ്രാ-ഹോട്ട്‌സപ്രിംഗ് മേഖലയിൽ നിന്നാണ് പിന്മാറ്റം ആരംഭിച്ചിരിക്കുന്നത്. ഷാൻഹായ് സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് എടുക്കുന്ന മഞ്ഞുരുകൽ സമീപനം മാത്രമാണെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്.
കഴിഞ്ഞ ജൂലൈ 17ന് നടന്ന 16-ാമത് കമാന്റർതല ചർച്ചകളെ തുടർന്നാണ് ഇരുസൈനിക മേധാവികളും ധാരണയിലെത്തിയത്. അതിർത്തിയിൽ നിന്ന് കിലോമീറ്ററുകളോളം പിന്മാറാൻ ഇന്ത്യ ശക്തമായ സമ്മർദ്ദമാണ് ചെലുത്തിക്കൊണ്ടിരുന്നത്. ആകെ 40-50 സൈനികർ മാത്രമാണ് ഈ മേഖലയിൽ ഇരു ഭാഗത്തുമായി സൈനിക ക്യാമ്പുകളി ലുണ്ടായിരുന്നത്. മൂന്ന് മുതൽ 10 കിലോമീറ്റർ ദൂരമാണ് അതിർത്തിയിൽ ഈ മേഖലയിൽ പട്രോളിംഗ് നടക്കാറുള്ളത്.
ലഡാക് മേഖലയിൽ 2020 മുതൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനത്തിന് പിന്നാലെ വ്യോമാതിർത്തി ലംഘനവും നടത്തിയതോടെയാണ് ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ സമ്മദ്ദം ശക്തമാക്കിയത്. ഐക്യാരാഷ്‌ട്ര രക്ഷാ കൗൺസിലിലടക്കം ഇന്ത്യ ചൈനയുടെ ഏകപക്ഷീയമായ അതിർത്തി ലംഘനങ്ങളെ വിമർശിച്ചു.
ദേംചുക്-ദെസ്പാംഗ് മേഖലകളിൽ 28 മാസമായി ചൈനയുടെ സൈന്യം അതിർത്തി കേന്ദ്രീകരിച്ച് തമ്പടിക്കുകയും താവളങ്ങൾ പണിയുകയുമാണ്. ഇതിന് പിന്നാലെ അരുണാചലിൽ ചൈന അതിർത്തി ഗ്രാമങ്ങളും പണിതുയർത്തിയത് ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
നിലവിൽ പിന്മാറ്റം നടക്കുന്ന കുരാംഗ് നള്ളയാണ് പിപി-15 എന്ന് അറിയപ്പെടുന്നത്. ഒരു വർഷമായി ഓരോ ദിവസത്തെ ചൈനീസ് ചലനങ്ങളും രേഖകളാക്കി സൂക്ഷിക്കുന്ന ഇന്ത്യൻ സൈന്യം ആറുമാസത്തിലൊരിക്കലുള്ള കമാന്റർ തല ചർച്ചകളിൽ നിരന്തരം വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാം സമ്മതിച്ചു പിരിഞ്ഞാലും നേരെ വിപരീതമായ ചൈനീസ് സമീപനങ്ങൾക്കെതിരെ ഇന്ത്യ മുന്നറിയിപ്പും നൽകിയിരുന്നു.
















Comments