ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമർജൻസി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് കങ്കണ തന്നെയാണ്. സിനിമ പ്രഖ്യപിച്ച് ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങിയതോടെ പ്രകടനം കൊണ്ട് കങ്കണ ഞെട്ടിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നാലെ സിനിയിലെ മറ്റ് കഥാപാത്രങ്ങളുടെ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏറ്റവും അവസാനമായി പുറത്തു വന്നിരിക്കുന്നത് സഞ്ജയ് ഗാന്ധിയുടെ പോസ്റ്ററാണ്. സിനിമയിൽ സഞ്ജയ് ഗാന്ധിയായി എത്തുന്നത് ഒരു മലയാളി താരമാണ്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയുടെ വേഷം അനശ്വരമാക്കാൻ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റർ ശ്രദ്ധ നേടി കഴിഞ്ഞു.
ചിത്രത്തിൽ അടൽ ബിഹാരി വാജ്പേയിയായി എത്തുന്ന ശ്രേയസ് തൽപാണ്ഡെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. വിപ്ലവ നേതാവ് ജെ പി നാരായണന്റെ വേഷത്തിൽ അനുപംഖേറും സാംസ്കാരിക പ്രവർത്തകയും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായ പുപുൽ ജയകറായി മഹിമ ചൗധരിയും വേഷമിടുന്നു. മണികർണിക ഫിലിംസിന്റെ ബാനറിൽ കങ്കണയും രേണു പിറ്റിയും ചേർന്നാണ് എമർജൻസി നിർമ്മിക്കുന്നത്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണിത്. കങ്കണ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019-ൽ പുറത്തെത്തിയ ‘മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി’ ആയിരുന്നു നടി സംവിധാനം ചെയ്ത ആദ്യം ചിത്രം.
അസോസിയേറ്റ് പ്രൊഡ്യൂസർ-അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സമീർ ഖുറാന, ഛായാഗ്രഹണം-ടെറ്റ്സുവോ നഗാത്ത, എഡിറ്റിംഗ്-രാമേശ്വർ എസ് ഭഗത്ത്, പ്രൊഡക്ഷൻ ഡിസൈനർ- രാകേഷ് യാദവ്, വസ്ത്രാലങ്കാരം- ശീതൾ ശർമ്മ, പ്രോസ്തെറ്റിക് ഡിസൈനർ- ഡേവിഡ് മലിനോവിസ്കി, സംഗീതം- ജി വി പ്രകാശ് കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രം 2023-ൽ തിയറ്ററുകളിൽ എത്തും.
Comments