തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല എന്നും ജീവനക്കാർക്കെതിരെയുള്ള നടപടി പിൻവലിക്കുമെന്നുമാണ് മാദ്ധ്യമങ്ങളെ കണ്ട മേയർ പറഞ്ഞത്.
ശിക്ഷാ നടപടി എന്ന നിലയിൽ അല്ല തൊഴിലാളികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയിലാണ് ചോദിച്ചത്. കൂടുതൽ അന്വേഷണം നടത്തിയ ശേഷം അവർക്ക് പറയാനുള്ളത് കേൾക്കുക എന്ന നിലപാടാണ് നഗരസഭ എടുത്തത്. ഉദ്യോഗസ്ഥർക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ല എന്നും അവർക്ക് പരാതി ഉണ്ടെങ്കിൽ പ്രത്യേക സ്റ്റാൻഡിംഗ് കമ്മിറ്റി ചുമതലപ്പെടുത്തി കൊണ്ട് അന്വേഷിക്കുമെന്നും മേയർ പ്രതികരിച്ചു.
ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായിരുന്നു. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശവും നൽകി. സിഐടിയുവും പ്രതിഷേധവുമായി രംഗത്തു വന്നതോടെ മേയർ നടപടിയിൽ നിന്നും പിന്നോട്ട് വലിയുമെന്നായിരുന്നു റിപ്പോർട്ടുകൾ. മേയറുടെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവർ തള്ളിപ്പറഞ്ഞു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ നിലപാട്.
Comments