ന്യൂഡൽഹി: വിരാട് കോഹ്ലിക്ക് വിരമിക്കൽ ഉപദേശവുമായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീഡി. മികവിന്റെ പാരമ്യത്തിലായിരിക്കുമ്പോൾ കളി അവസാനിപ്പിക്കണം. ഫോം നഷ്ടമായി ടീമിന് പുറത്താകുന്നതിലും നല്ലത് അതാണെന്നായിരുന്നു ഷാഹീദ് അഫ്രീഡിയുടെ വാക്കുകൾ.
അഫ്രീഡിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ രംഗത്തെത്തി. താൻ പാകിസ്താനിലെ കാര്യം നോക്കിയാൽ മതി, വിരമിക്കുന്ന കാര്യം കോഹ്ലി തീരുമാനിച്ചോളുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. വിരാട് കോഹ്ലി അസാമാന്യ പ്രതിഭയും ആത്മവിശ്വാസവും കരുത്തുമുള്ള താരമാണ്. ഇപ്പോഴേ അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച് അഭിപ്രായം പറയുന്നത് അസംബന്ധമാണെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.
ഒന്നര വർഷത്തോളം ഫോമിലല്ലാതിരുന്ന കോഹ്ലി, എഴുപത്തിയൊന്നാം സെഞ്ച്വറിയുമായി ശക്തമായ തിരിച്ചു വരവ് നടത്തിയ ഈ സന്ദർഭത്തിൽ തന്നെ ഇത്തരമൊരു അഭിപ്രായം പാകിസ്താൻ മുൻ ക്യാപ്ടൻ പറയുന്നതിന് പിന്നിൽ, വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനത്തോടുള്ള ഭയമാണ് എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നു.
സെപ്റ്റംബർ 8ന് ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു കോഹ്ലി തന്റെ ആദ്യ അന്താരാഷ്‌ട്ര ട്വന്റി 20 സെഞ്ച്വറി നേടിയത്. രോഹിത് ശർമ്മയുടെ അസാന്നിദ്ധ്യത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കോഹ്ലി, പതിഞ്ഞ തുടക്കത്തിലൂടെ താളം കണ്ടെത്തി നിലയുറപ്പിച്ച ശേഷം തന്റെ പ്രതിഭയെ കയറൂരി വിടുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറിയായിരുന്നു മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയത്. കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ സാദ്ധ്യതകളെ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
















Comments