സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കുന്ന കാർ കാണികൾക്ക് ഒരു വിസ്മയമായിരുന്നു. നൂതനസാങ്കേതിക വിദ്യകളോടെ അവതരിപ്പിച്ചിരുന്ന കാർ യാഥാർത്ഥ്യമായെങ്കിൽ എന്ന് ചിലർ എങ്കിലും ചിന്തിച്ചിട്ടുണ്ടാകും . ഇപ്പോഴിതാ പറക്കും കാർ യാഥാർഥ്യമാവുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ടസ്‌കാനി ആസ്ഥാനമായുള്ള ജെറ്റ്‌സൺ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് കാർ പുറത്തിറക്കുന്നത്.
72 ലക്ഷം രൂപ വില വരുന്ന ഇല്ക്ട്രിക് കാറിന് 102 കിലോമീറ്റർ വേഗതയിലും 32 കിലോമീറ്റർ റേഞ്ചിലും പറക്കാനും സാധിക്കും. ഈ വർഷം അവസാനത്തോടെ ഡെലിവറി ചെയ്യാൻ സാധിക്കുന്ന കാറിന്റെ എല്ലാ യൂണിറ്റുകളും വിറ്റു പോയതായി കമ്പനി പറയുന്നു. ഭൂനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ ഇവയ്‌ക്ക് പറക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. നിലവിൽ രണ്ട് പേർക്ക് യാത്രചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്. പുതിയ മോഡലുകളിൽ യാത്രക്കാരുടെ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
കാർബൺ ഫൈബർ ഉപയോഗിച്ചാണ് കാർ നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ ഭാരം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഉപയോഗിച്ചിരിക്കുന്ന മോട്ടോറുകൾ ശക്തമാണെന്ന് ജെറ്റ്‌സൺ അവകാശപ്പെടുന്നു. ഒരു മോട്ടോർ തകരാറിലായാലും സുസ്ഥിരമായി പറക്കാൻ കഴിയുന്ന തരത്തിലാണ് കാറിന്റെ ഇലക്ട്രോണിക് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറാണ് ഇതെന്നും യുഎസിൽ കാറിന് പ്രത്യേക ഫ്‌ലൈയിംഗ് ലൈസൻസ് ആവശ്യമില്ലെന്നും കമ്പനി പറയുന്നുണ്ട്.















