പനാജി: ഗോവ നിയമസഭയിൽ സംപൂജ്യരാകാൻ ഒരുങ്ങി കോൺഗ്രസ്. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. ബിജെപി ഗോവ അദ്ധ്യക്ഷൻ സദാനന്ദ ഷെട്ട് തനവാഡെയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവിട്ടത്.
ആകെ 11 എംഎൽഎമാരാണ് കോൺഗ്രസിന് ഗോവയിൽ ഉള്ളത്. ഇതിൽ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേരുക. ഇതിന്റെ ഭാഗമായി നിയമസഭാ സ്പീക്കറുമായി എംഎൽഎമാർ കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തിയാൽ സഭയിൽ ബിജെപിയുടെ കരുത്ത് വീണ്ടും ഉയരും.
ദിഗംബർ കമ്മത്ത്, മൈക്കിൾ ലോബോ, ദെലിയ ലോബോ, രാജേഷ് ഫൽദേശായ്, കേദാർ നായിക്ക്, സങ്കൽപ്പ് അമോൻക്കർ, അലക്‌സിയോ സെക്വേറിയ, റഡോൾഫ് ഫർണാണ്ടസ് എന്നിവരാണ് പാർട്ടി വിടുന്നത്. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇവർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും കണ്ടിരുന്നു.
നേരത്തെ 2019 ലും സമാനമായ രീതിയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരുന്നു. എട്ട് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നാൽ മൂന്ന് എംഎൽഎമാർ മാത്രമാകും കോൺഗ്രസിന് സംസ്ഥാനത്ത് ഉണ്ടാകുക. നിലവിൽ 20 എംഎൽഎമാരാണ് ബിജെപിയ്‌ക്കുള്ളത്.
Comments