ന്യൂഡൽഹി : എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ലണ്ടനിലേക്ക്. സെപ്തംബർ 17-19 വരെയാണ് മുർമുവിന്റെ ലണ്ടൻ സന്ദർശനം. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മുർമു ചടങ്ങിൽ പങ്കെടുക്കും.
യുകെയുടെ മുൻ രാഷ്‌ട്രനേതാവും കോമൺവെൽത്ത് രാജ്യങ്ങളുടെ മേധാവിയുമായ എലിസബത്ത് രാജ്ഞി സെപ്തംബർ 8 നാണ് മരിച്ചത്. എലിബസത്ത് രാജ്ഞിയുടെ മരണത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 12 ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ചു. സെപ്റ്റംബർ 11 ഞായറാഴ്ച ഇന്ത്യയും ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിച്ചു.
പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് വിടവാങ്ങൽ ചടങ്ങ്. മരണം സംഭവിച്ച് ആദ്യത്തെ അഞ്ച് ദിവസം രാജകുടുംബാംഗങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും വിവിഐപികൾക്കും ആദരം അർപ്പിക്കാനുള്ള ദിവസങ്ങളാണ്. അവസാനത്തെ മൂന്ന് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം. 10ാം ദിവസം മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. വിൻഡ്സർ കോട്ടയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും പിതാവ് ജോർജ് ആറാമനേയും അടക്കം ചെയ്തിരിക്കുന്നതിന് സമീപമായിരിക്കും എലിസബത്ത് രാജ്ഞിയേയും അടക്കം ചെയ്യുക.
Comments