കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് വീടിന് നേരെ വെടിവെപ്പ്. അടിവാരം പുത്തൻപുരയിൽ മണിയുടെ വീട്ടിലാണ് സംഭവം. നാടൻ തോക്കുപയോഗിച്ച് കാട്ടുപന്നിക്ക് നേരെ വെടിവെച്ചത് ഉന്നം തെറ്റി വീടിന്റെ ചുമരിൽ തറച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് വീട്ടുകാർ പറയുന്നു. വീടിന്റെ ചുമരിൽ രണ്ടിടത്ത് തുള വീണ പാടുണ്ട്. അടിവാരം മേലെ പൊട്ടികൈ തരിയോട്മുക്ക് ആണ് മണിയുടെ വീട്. മണിയും ഭാര്യയും, മകനും, മരുമകളും പേരക്കുട്ടിയുമടക്കം അഞ്ചുപേരാണ് വീട്ടിൽ ഉള്ളത്.
പോലീസ് സ്ഥലത്ത് പരിശോധന നടത്തി. താമരശ്ശേരി ഡിവൈഎസ്പി അഷറഫ് തെങ്ങലക്കണ്ടി, സിഐ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.















