ആലപ്പുഴ: ഫൊറൻസിക് സർജനായി ദിലീപ് എത്തുന്ന പുതിയ ചിത്രം ‘ഹെനോക്’ (HENOK) ചിത്രീകരണം ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സാണ് നിർമിക്കുന്നത്. ഒക്ടോബർ 19 തിങ്കളാഴ്ച ആലപ്പുഴ കല്ലുപാലത്തെ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ പുരാതന തറവാട്ടിലാണ് ചിത്രീകരണത്തിന് തുടക്കമായത്.
ദിലീപും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. പ്രശസ്ത നിർമാതാവ് ജോബി ജോർജ് സ്വിച്ചോൺ കർമം നിർവഹിച്ചു. ‘ദ മാൻ ഇൻ ദ മിസ്റ്റ്’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
‘ഹെനോക്’ എന്ന പേരിന്റെ ബൈബിൾ പശ്ചാത്തലം ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ എന്ന ആശയത്തെയാണ് ഓർമിപ്പിക്കുന്നത്. ദൈവത്തിനൊപ്പം സഞ്ചരിക്കുന്ന ഫൊറൻസിക് സർജൻ നീതിയുടെ വഴിയിൽ എങ്ങനെയെല്ലാം ഇടപെടുന്നു എന്ന കൗതുകം ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്നു.
നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗം ജനിപ്പിക്കുന്ന അന്വേഷണവുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നതെന്നാണ് ടൈറ്റിലും ടാഗ്ലൈനും നൽകുന്ന സൂചന. കഥയുടെ കെട്ടുറപ്പും പുതുമയും അവതരണ മികവും കൊണ്ട് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കാനാണ് സംവിധായകൻ ഉല്ലാസ് കൃഷ്ണയുടെ ശ്രമം.
ആദ്യ ചിത്രമായ ‘പുഷ്പകവിമാനം’ വഴി ശ്രദ്ധ നേടിയ ഉല്ലാസ് കൃഷ്ണ ഇത്തവണ വലിയ ക്യാൻവാസിലാണ് സിനിമ ഒരുക്കുന്നത്. വൻ താരനിരയും വലിയ മുതൽമുടക്കുമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായി പൂർത്തിയാക്കും.
റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: ഷാജികുമാർ
എഡിറ്റിംഗ്: ഷഫീഖ് വി.ബി.
സംഗീതം: മുജീബ് മജീദ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്
പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്
പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ദാസ്
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ
അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
ഡിസൈൻസ്: യെല്ലോ ടൂത്ത്സ്
സ്റ്റിൽസ്: നന്ദു
ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ
വേഫറർ ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഫൊറൻസിക് സർജന്റെ കഥാപാത്രവും നിഗൂഢമായ അന്വേഷണപശ്ചാത്തലവും ദിലീപിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് തുടക്കമിടുന്നു.















