തിരുവല്ല: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തിരുവല്ലയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിലാണ് വിഭാഗിയത കടുക്കുന്നത്. തിരുവല്ലയിൽ സ്ഥാപിക്കുന്ന ഫ്ലക്സ്ബോർഡുകളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കിയതിനെ തുടർന്നാണ് പരാതികൾ ഉയർന്നത്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ സംഘാടക സമിതി ചെയർമാനെതിരെ പരാതി ശക്തമായിരിക്കുകയാണ്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസിനെതിരെയാണ് പരാതി. തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെജി കോട്ടശ്ശേരിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡുകളിൽ നിന്നും പാർട്ടി പരിപാടികളിൽ നിന്നും രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ ചിത്രം ബോധപൂർവ്വം ഒഴിവാക്കുന്നു എന്നാണ് റെജി കോട്ടശ്ശേരിയുടെ പരാതി. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ റെജി തോമസ് ബോധപൂർവ്വം ശ്രമിക്കുന്നുവെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നേതാവിനെതിരെ സംഘടനാ നടപടി സ്വീകരിക്കണമെന്നുമാണ് തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അടക്കമുള്ള ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
Comments