കറ്റാനം; മലയാളികൾ ഏറെ നെഞ്ചേറ്റിയ ഗാനമാണ് കമലദളം എന്ന ചിത്രത്തിലെ പ്രേമോദാരനായ് അണയൂ നാഥാ എന്ന ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് രവീന്ദ്ര സംഗീതത്തിൽ യേശുദാസും ചിത്രയും തകർത്ത് പാടിയ ഗാനം. ഒരു വിവാഹവേദിയിൽ അരങ്ങേറിയ ഈ ഗാനത്തിന്റെ ഫ്യൂഷൻ വേർഷനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്.
മൃദംഗവാദകൻ കൂടിയായ കറ്റാനം പളളിക്കൽ ശ്രീഹരിയുടെ വിവാഹവേദിയാണ് അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷിയായത്. ഗാനരചയിതാവായ കൈതപ്രം ഉൾപ്പെടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് മുൻപിലാണ് നവവരനായ ശ്രീഹരി ഗാനത്തിന് മൃദംഗത്തിൽ താളമിട്ടത്. വധൂവരൻമാരെ അനുഗ്രഹിക്കാനായി കൈതപ്രം വേദിയിലേക്ക് വരുന്നതിനിടെയാണ് ഈ ഗാനം വേദിയിൽ പാടിയതെന്നതും ആകസ്മികമായി.
സെപ്തംബർ ഒന്നിനായിരുന്നു ശ്രീഹരിയുടെയും അഞ്ജനയുടെയും വിവാഹം. വിവാഹവേദിയിലെ ഫ്യൂഷൻ പ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ‘ഈ ഗാനം രചിച്ച പദ്മശ്രീ കൈതപ്രം തിരുമേനിയുടെ സാന്നിധ്യത്തിൽ ഞാൻ അഞ്ജനയ്‌ക്ക് നൽകിയ ആദ്യ മ്യൂസിക്കൽ ഗിഫ്റ്റ്’എന്ന കുറിപ്പോടെയായിരുന്നു ശ്രീഹരി വീഡിയോ പങ്കുവെച്ചത്. ശ്രീഹരിയുടെ ഫേസ്ബുക്ക് പേജിൽ തന്നെ വീഡിയോ ഇതുവരെ അഞ്ച് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.
അടൂർ ശിവജി വയലിനിലും രാജേഷ് വയക്കൽ പുല്ലാങ്കുഴലിലും ജയലാൽ തബലയിലും അഖിൽ കീബോർഡിലും ശ്രീഹരിക്കൊപ്പം ചേർന്നു. നേരത്തെ കൈതപ്രത്തിന്റെ കച്ചേരികൾക്ക് ശ്രീഹരി മൃദംഗം വായിച്ചിട്ടുണ്ട്. വേദിയിലെത്തിയ കൈതപ്രം പാട്ടിനൊപ്പം ആസ്വദിച്ച് താളം പിടിക്കുന്നതും വീഡിയോയിൽ കാണാം. വധൂവരൻമാരെ അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ആറാം വയസ്സ് മുതൽ ശ്രീഹരി മൃദംഗം പഠിക്കുന്നുണ്ട്. ഇതിന് പുറമേ ആദ്ധ്യാത്മിക പ്രഭാഷകൻ കൂടിയാണ്. ടാറ്റാ എഐജിയുടെ ഹൈദരാബാദ് ഓഫീസിലെ കൊമേഴ്‌സ്യൽ ക്ലെയിം സെക്ഷനിലാണ് എംബിഎ ബിരുദധാരിയായ ശ്രീഹരി ജോലി ചെയ്യുന്നത്. ഭാര്യ അഞ്ജന ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. നൃത്തവും അഭ്യസിക്കുന്നുണ്ട്.
Comments