ഒരു ദിവസം ആരംഭിക്കുന്നത് തന്നെ കടുപ്പത്തിൽ ഒരു ചായ അല്ലെങ്കിൽ ഒരു കാപ്പി കുടിച്ചായിരിക്കും. അത് ദിവസം മുഴുവൻ നമുക്ക് ഊർജ്ജം നൽകുമെന്ന വിശ്വാസമാണ് പലർക്കും. വൈകുന്നേരങ്ങളിലും ഒരു ചായ കുടിക്കുന്നത് കൂടുതൽ ഉന്മേഷം നൽകും. എന്നാൽ ചായ വെറുതെ കുടിക്കുന്ന ഒന്നല്ല, അതിന് മറ്റ് പല ഗുണങ്ങളും ഉണ്ടെന്ന് ആരും മനസിലാക്കുന്നില്ല.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ദീർഘായുസ്സിനും ചായ പ്രധാനമാണ്, പ്രത്യേകിച്ച് കട്ടൻ ചായ. ഇടയ്‌ക്കിടെ കടുപ്പത്തിലൊരു സുലൈമാനി ഇട്ട് കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ദിവസത്തിൽ നാലും അഞ്ചും തവണ കട്ടൻ ചായ കുടിക്കുന്ന ആളുകളുമുണ്ട്. എന്നാൽ ഈ ശീലം ആയുസ്സ് വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കട്ടൻ ചായ കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഒരു ദിവസം മൂന്ന് കപ്പ് കട്ടൻ ചായ കുടിക്കുമ്പോൾ അവരുടെ മരണസാധ്യത 12 ശതമാനം കുറയുന്നുണ്ടെന്നും പഠനം പറയുന്നു. അതായത് മനുഷ്യായുസ്സ് വർദ്ധിപ്പിക്കുന്നു. ഈ കട്ടനിൽ ഒരൽപം പാൽ ചേർത്താലും ആരോഗ്യത്തെ ബാധിക്കില്ല.
പ്രമേഹം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാൻ കട്ടൻ ചായയ്‌ക്ക് സാധിക്കുന്നു. ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, കാറ്റെച്ചിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കട്ടൻ ചായ. ഇത് ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കും. ഒരു കപ്പ് കട്ടൻ ചായയിൽ 2.4 കലോറിയും കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ചെറിയ രീതിയിലും അടങ്ങിയിട്ടുണ്ട്.
Comments