ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആഫ്രക്കയിലെ നമീബിയയിൽ നിന്നും 8 ചീറ്റ പുലികളുമായി വരുന്ന വിമാനം ജയ്പൂരിൽ ഇറക്കില്ല. പകരം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മുൻപ് തീരുമാനിച്ചിരുന്നത് രാജസ്ഥാനിലെ ജയ്പൂരിൽ ഇറക്കാനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ പെട്ടെന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്വാളിയോറിലേക്ക് മാറ്റാൻ തയ്യാറാകുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്വാളിയോറിൽ എത്തുന്ന ചീറ്റപ്പുലികളെ പ്രത്യേകം തയ്യാറാക്കിയ ചിനുക്ക് ഹെലികോപ്റ്ററിൽ ഷിയാപൂർ ജില്ലയിലെ കൂനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോവുകയും, അവയിൽ മൂന്നെണ്ണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പാർക്കിലേക്ക് തുറന്ന് വിടുമെന്നും അറിയിച്ചു. നമീബയിൽ നിന്നും എത്തുന്ന ചീറ്റകളിൽ 5 പെണ്ണും 3 ആണുമാണ് ഇന്ത്യയുടെ ഭാഗമാകാൻ പോകുന്നത്.
ഇന്ത്യയിൽ വംശനാശ ഭീഷണി നേരിട്ടിരുന്ന ചീറ്റ വർഗ്ഗത്തിലെ അവസാനത്തെ ഒരെണ്ണം 1947ൽ ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ ചത്തു. 2019ൽ ഇന്ത്യ ചീറ്റപ്പുലികളെ വാങ്ങാൻ ശ്രമിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ പദ്ധതി താൽക്കാലികമായി മാറ്റി വെയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേയ്‌ക്ക് വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിച്ചത്. നബീമിയയിൽ നിന്നും 15 മുതൽ 20 ചീറ്റകളെയാണ് ഇന്ത്യ കരാർ പ്രകാരം വാങ്ങാൻ തീരുമാനിച്ചത്.
ചീറ്റകളില്ലാതിരുന്ന ഇന്ത്യൻ കാടുകൾക്ക് 70 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 1952ലാണ് ചീറ്റകൾ അന്യം നിന്നതായി കേന്ദ്ര വന്യജീവി വകുപ്പ് പ്രഖ്യാപിച്ചത്. ചീറ്റകളെ കൊണ്ടുവരാനായി ഏറെ അലങ്കാരങ്ങളോടെ വിമാനം അയച്ചതും ആഗോള വാർത്താ പ്രാധാന്യം നേടിയിരുന്നു. ചീറ്റയുടെ മുഖം വരച്ചുചേർത്ത വിമാനത്തിലാണ് നമീബിയയിൽ നിന്നും പുലികളെ കൊണ്ടുവരുന്നത്.
Comments