ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ മാർക്ക് ബൗച്ചറെ നിയമിച്ചു. എംഐ കേപ് ടൗൺ, എംഐ എമിറേറ്റ്സ് എന്നിവയുൾപ്പെടെ അവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്രാഞ്ചൈസികളിലെയും കോച്ചിംഗ് സ്റ്റാഫിന്റെ മേൽനോട്ടം ബൗച്ചർക്കാണ്. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനയ്‌ക്ക് പകരകാരനായാണ് ബൗച്ചർ ചുമതലയേൽക്കുന്നത്.
മുബൈയുടെ മുഖ്യ പരിശീലകനായി നിയമിക്കപ്പെടുന്നത് ഒരു ബഹുമതിയും പദവിയുമാണെന്ന് ബൗച്ചർ പ്രതികരിച്ചു. അവരുടെ ചരിത്രവും നേട്ടങ്ങളും ലോക കായികരംഗത്തെ ഏറ്റവും വിജയകരമായ കായിക ഫ്രാഞ്ചൈസികളിൽ ഒന്നായി ഉയർത്തി. വെല്ലുവിളിയും ബഹുമാനവും താൻ പ്രതീക്ഷിക്കുന്നു. ഈ ഡൈനാമിക് യൂണിറ്റിന് മൂല്യം വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചായി നിയമിതനായ ബൗച്ചർ പറഞ്ഞു.
ദക്ഷിണാഫ്രിക്ക പുരുഷ ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുഖ്യ പരിശീലകനായ ബൗച്ചർ, 2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം താൻ സ്ഥാനത്ത് നിന്ന് മാറുമെന്ന് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ പുതുതായി രൂപീകരിച്ച എംഐ കേപ്ടൗൺ ഫ്രാഞ്ചൈസിയിൽ പരിശീലകനായി ചേരുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളായാണ് ബൗച്ചർ കണക്കാക്കപ്പെടുന്നത്. 1997 മുതൽ 2012 വരെ ദക്ഷിണാഫ്രിക്കയ്‌ക്കായി 147 ടെസ്റ്റുകളും 295 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി യഥാക്രമം 5,515, 4,686 റൺസ് നേടി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ബൗച്ചറിന്റെ പേരിലാണ്. 10 വർഷം മുമ്പ് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബൗച്ചർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
Comments