തൃശൂർ: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. കേരളത്തിൽ നാലു ദിവസത്തെ സന്ദർശനത്തിയതാണ് മോഹൻ ഭാഗവത്. തൃശൂരിൽ സംഘടനാ പ്രവർത്തകരുടെ വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സർസംഘചാലകിനെ കൃഷ്ണകുമാറിന് കാണാൻ കഴിഞ്ഞത്. മോഹൻ ഭാഗവത് ജിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഉപദേശങ്ങളും അനുഗ്രഹങ്ങളും അദ്ദേഹം നൽകിയെന്നും നടൻ കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ആദരണീയനായ സർസംഘചാലക് മോഹൻ ഭാഗവത് ജി യെ തൃശ്ശൂരിൽ വച്ച് കാണുവാനും സംസാരിക്കുവാനുമുള്ള ഭാഗ്യമുണ്ടായി. തിരുവനന്തപുരത്തിനും, പിന്നെ നിങ്ങളെല്ലാവർക്കും വേണ്ടി സ്വയം സമർപ്പിതമാണ് എന്റെ രാഷ്‌ട്രീയജീവിതം. മുന്നോട്ടുള്ള ഈ യാത്രയെ കൂടുതൽ സാർത്ഥകമാക്കാൻ സഹായിക്കുന്ന ഒരുപിടി ഉപദേശങ്ങളും, കൂടെ മനസ്സുനിറഞ്ഞ അനുഗ്രഹങ്ങളും ആശംസകളും അദ്ദേഹത്തിൽനിന്ന് പകർന്നുകിട്ടി’ എന്ന് കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം വൈകിട്ട് ശ്രീകൃഷ്ണ കോളേജിൽ നടന്ന സാംഘിക്കിൽ പതിനായിരത്തോളം വരുന്ന ഗണവേഷധാരികളായ സ്വയംസേവകരെ അദ്ദേഹം അഭിസംബോധന ചെയ്തു. കേരളത്തിൽ നാലു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സർസംഘചാലക് നാളെ മടങ്ങും.
Comments