കൊച്ചി: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ ന്യായീകരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കേരള ഹൈക്കോടതി. കിഫ്ബിയുടെ നിർദ്ദേശമുള്ളത് കൊണ്ടാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന എഞ്ചിനീയർമാരുടെ ന്യായീകരണത്തോട് അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കൊലയ്‌ക്കുള്ള അനുമതിയല്ലേ അത്തരം നിർദ്ദേശമെന്ന് കോടതി ചോദിച്ചു.
കുഴികളുടെ പേരിൽ സർക്കാർ ന്യായീകരണം നടത്തരുത്. വീഴ്ചകൾക്ക് ജനങ്ങളെ പഴി ചാരരുത്. റോഡിലിറങ്ങിയാൽ തിരിച്ചു വരുമോ എന്ന് അറിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ റോഡുകളിൽ നടക്കുന്നത് ഭാഗ്യപരീക്ഷണമാണ്. റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു.
ആലുവ -പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ല. കുഴികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പിഡബ്ലിയുഡി ഓഫീസ് തുറക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു.
Comments