മൊഹാലി: ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോർ ഓസീസിന് വെല്ലുവിളിയായില്ല. മാത്യു വെയ്ഡ് വീണ്ടും വിശ്വരൂപം പുറത്തെടുത്തപ്പോൾ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിന് ജയം. ഇന്ത്യയെ നാല് വിക്കറ്റിനാണ് കംഗാരുക്കൾ പരാജയപ്പെടുത്തിയത്. മാത്യു വെയ്ഡിന്റെ ഉഗ്രൻ പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 21 പന്തിൽ നിന്ന് 45 റൺസ് നേടിയാണ് വിക്കറ്റ് കീപ്പർ-ബാറ്റർ കംഗാരുക്കളെ വിജയത്തിലേക്ക് ആനയിച്ചത്.
അവസാന ഓവറുകളിൽ കൊടുങ്കാറ്റായ വെയ്ഡ് 2 സിക്‌സറുകളും ആറ് ബൗണ്ടറിയും നേടി അപരാജിതനായി നിന്നു. നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ഓസീസ് വിജയം സ്ന്തമാക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്‌ററൻ ആരൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിശ്ചിത ഓവറിൽ ഇന്ത്യ ആറ് വിക്കറ്റിന് 208 റൺസെടുത്തു. എന്നാൽ നാല് പന്തുകൾ അവശേഷിക്കെ കംഗാരുക്കൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് വിജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുളള പരമ്പരയിൽ ഓസ്‌ത്രേല്യ 1-0ന് മുന്നിലെത്തി. ഓപ്പണർ കാമറൂൺ ഗ്രീൻ(61) ആണ് ഓസീസിന്റെ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. 30 പന്തുകളിൽ നിന്നായിരുന്നു ഗ്രീനിന്റെ പ്രകടനം.
ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നായകൻ രോഹിത്ശർമ്മ(11), മുൻ നായകൻ വിരാട് കോഹ്ലി(2) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും യുവ താരങ്ങൾ അവസരത്തിന് ഒത്ത് ഉയർന്നു.
ഹാർദിക് പാണ്ഡ്യയുടെ വേഗതയാർന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 200 കടത്തിയത്. 30 പന്തുകളിൽ നിന്ന് 71 റൺസ് എടുത്ത പാണ്ഡ്യ അഞ്ച് സിക്‌സറുകളും ഏഴ് ഫോറും അടിച്ചു. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ(55) റൺസ് നേടി. സൂര്യകുമാർ യാദവ് 25 പന്തുകളിൽ 46 റൺസെടുത്തു ടീമിന് മികച്ച അടിത്തറ നൽകി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച പാണ്ഡ്യ 20ാം ഓവറിലെ അവസാന മൂന്ന് പന്തുകൾ സിക്‌സർ പറത്തിയാണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്.
















Comments