ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവനുസരിച്ച് കാൺപൂരിലെ വഖഫ് ബോർഡിന്റെ കീഴിലുള്ള സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും. വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാൻ യോഗി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2602 സുന്നി വഖഫ്, 72 ഷിയാ വഖഫ് സ്വത്തുക്കളിൽ സർവേ നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സർക്കാരിന്റെ ഉത്തരവനുസരിച്ച് ഈ മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കണം. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ സർവേ നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടിയിലേക്ക് കടക്കുന്നത്.
സർക്കാർ ഉത്തരവനുസരിച്ച്, വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത തരിശുഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തണം. കൈവശമുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം വീണ്ടും വഖഫിന് രജിസ്റ്റർ ചെയ്യേണ്ടതായി വരുമോ എന്ന കാര്യം പരിശോധിച്ച ശേഷമെ പറയാൻ സാധിക്കുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെ ചന്ദ്രശേഖർ ആസാദ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേത് ആണെന്ന അവകാശവാദവുമായി വഖഫ് ബോർഡ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വേ നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
അടുത്തിടെ ക്ഷേത്രഭൂമികളിൽ ഉൾപ്പെടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് രംഗത്തു വന്നിരുന്നു. ഇതിന് പുറമേ ഭൂമി ഇടപാടുകളിൽ വഖഫ് ബോർഡ് ചട്ടങ്ങൾ മറികടക്കുന്നതായും വ്യക്തമായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, വഖഫ് ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ സർവേ നടത്തുന്നതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രതിഷേധമറിയിച്ചു.
Comments