ന്യൂഡൽഹി :രാജ്യമാകെ നടത്തിയ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളുടെ അറസ്റ്റിന്റെയും വിശദവിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ. ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതും ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചതും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരാണ് പിടിയിലായതെന്ന് എൻ.ഐ.എ വ്യക്തമാക്കി.രാജ്യത്ത് 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.
എൻ.ഐ.എ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ ഭാഗമായിരുന്നു അന്വേഷണം. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യലും സാമ്പത്തിക സഹായം നൽകലും, ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ച് ആയുധ പരിശീലനം നൽകൽ, മത മൗലിക പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരേയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത കേസുകൾ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളിലാണ് എൻ.ഐ.എ അന്വേഷണം നടക്കുന്നതെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ജനങ്ങളെ ഭയചകിതരാക്കുന്നതും സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്നതുമായ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നതെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ കൊലപാതകങ്ങൾ, കേരളത്തിൽ കോളേജ് പ്രൊഫസറുടെ കൈവെട്ടിയത്, സ്ഫോടക വസ്തുക്കൾ ശേഖരിക്കൽ തുടങ്ങിയവ എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നുണ്ട്.
വംശീയ വിദ്വേഷം പരത്തുന്ന ലഘുലേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് കേസുകളിലായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് ഒ.എം.എ സലാം, കെ.പി ജസീ, നസറുദ്ദീൻ എളമരം, മൊഹമ്മദ് ബഷീർ, കെപി ഷഫീർ, ഇ അബൂബേക്കർ, പ്രൊഫ. പി കോയ, ഇ.എം അബ്ദു റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
















Comments