ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജറുസലേം സന്ദർശനത്തെ “ഗെയിം ചെയ്ഞ്ചർ” എന്ന് വിളിച്ച് ഇസ്രായേൽ. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നൗർ ഗിലോൺ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഓഗ്ല ബീച്ചിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രം ഇരു രാജ്യങ്ങളുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവരുടെ സൗഹൃദം ഇരു രാജ്യങ്ങളുടെയും വികസനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുമായി 1972 മുതലുള്ള ബന്ധമാണ് ഇസ്രയേലിനുള്ളത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കിയെന്നും ഗിലോൺ വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ നരേന്ദ്രമോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് ജലം, കൃഷി, ബഹിരാകാശം, ഗവേഷണ വികസന നവീകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട വാർത്തകൾ കൈമാറുന്നതിൽ വ്യക്തമായ സഹകരണം ഉറപ്പു വരുത്താറുണ്ടെന്നും ഗിലോൺ കൂട്ടിച്ചേർത്തു
Comments