ന്യൂഡൽഹി: കേരളം കേന്ദ്രമാക്കി വളർന്നു വന്ന മതഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ആസൂത്രണം ചെയ്തത് ബൃഹത് പദ്ധതികളായിരുന്നുവെന്ന് എൻ ഐ എ കണ്ടെത്തിയിരിക്കുകയാണ്. പാകിസ്താനിലെയും മദ്ധ്യ പൂർവേഷ്യയിലെയും ഇന്ത്യാ വിരുദ്ധ ശക്തികളുമായി കൈകോർത്തായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നീക്കങ്ങളെന്നാണ് വ്യക്തമാകുന്നത്.
നിരോധിത സംഘടനയായ സിമിയുമായും ഇന്ത്യൻ മുജഹിദ്ദീനുമായും അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് അറസ്റ്റിലായ മിക്ക പോപ്പുലർ ഫ്രണ്ട് നേതാക്കളും. മുൻ സിമി ദേശീയ സെക്രട്ടറിയായിരുന്നു പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ അബ്ദുൾ റഹ്മാൻ. സിമി മുൻ ഭാരവാഹിയായിരുന്നു പോപ്പുലർ ഫ്രണ്ട് സെക്രട്ടറി അബ്ദുൾ ഹമീദ്.
ധനസമാഹരണത്തിനായി പോപ്പുലർ ഫ്രണ്ട് പാകിസ്താനുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. കേരളത്തിലായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രധാനമായും തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നത്. പ്രവാചക നിന്ദ ആരോപിച്ച് 2010ൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലെ പ്രതികൾ മുഴുവനും പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്നു. 2013ൽ കണ്ണൂരിലെ നാറാത്ത് ഭീകരവാദ പരിശീലനം സംഘടിപ്പിച്ചപ്പോഴും, കേരളത്തിലെ അന്വേഷണ സംവിധാനങ്ങൾ മൗനം പാലിച്ചു.
മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നും പാകിസ്താൻ വഴി ഹവാല പണം ഇന്ത്യയിലെത്തിക്കാൻ മുഖ്യകണ്ണിയായി പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് സമിതി അംഗം മുഹമ്മദ് സാകിബ് ആയിരുന്നു. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പാകിസ്താൻ തടവുകാർക്ക് നിയമസഹായം നൽകാനും ഇയാൾ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു.
ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി 8ന് കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വിൽസണെ കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയ കേസിൽ സാകിബും കൂട്ടാളി ഇസ്മയിലും പ്രതികളാണ്. കൊലപാതക ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ഖാജാ മൊഹിദീൻ നിലവിൽ ജയിലിലാണ്.
വിൽസൺ കൊലക്കേസിലെ പ്രതിയായ ചെന്നൈ സ്വദേശി ഷിഹാബുദ്ദീൻ കൊലപാതകത്തിന് ശേഷം ഖത്തറിലേക്ക് കടന്നിരുന്നു. ഇയാൾ കൊലപാതകം നടത്താൻ പ്രതി അബ്ദുൾ ഷമീമിന് തോക്ക് സംഘടിപ്പിച്ച് നൽകിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വിദ്വേഷ മതപ്രഭാഷകൻ സാകിർ നായികിന്റെ അടുത്ത അനുയായി ആയിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അബൂബക്കറും പോപ്പുലർ ഫ്രണ്ട് പദ്ധതികളുടെ മദ്ധ്യേഷ്യയിലെ ആസൂത്രകനാണ്. അഫ്ഗാനിസ്ഥാൻ പാകിസ്താൻ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസുകളിലെ ഇയാളുടെ പങ്കും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. നിലവിൽ ജയിലിൽ കഴിയുന്ന ഷാഹിദ് സുമ്രയുമായുള്ള ഇയാളുടെ ഇടപാടുകളും അന്വേഷണ പരിധിയിലാണ്.
ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അന്താരാഷ്‌ട്ര ഭീകര ബന്ധത്തിൽ സമഗ്ര അന്വേഷണം നടത്തുകയാണ് എൻ ഐ എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ.
















Comments