തിയറ്ററുകളിൽ വൻ വിജയം നേടിയ സിനിമയായിരുന്നു അരുൺഗോപി-ദിലീപ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ രാമലീല. 2017 സെപ്റ്റംബർ 28-നാണ് ചിത്രം റിലീസ് ചെയ്തത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ചിത്രങ്ങൾക്ക് ബഹിഷ്കരണ ആഹ്വാനം നേരിട്ട സമയത്താണ് രാമലീല പുറത്തിറങ്ങുന്നത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് തിയറ്ററുകളിൽ വൻ ജനത്തിരക്കാണ് കാണാൻ കഴിഞ്ഞത്. വലിയ ഇടവേളയ്‌ക്ക് ശേഷം ഒരു ദിലീപ് ചിത്രത്തിന്റെ ഏറ്റവും വലിയ ബോക്സ്ഓഫീസ് കളക്ഷൻ ആയിരുന്നു രാമലീല സ്വന്തമാക്കിയത്. അരുൺ ഗോപി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു രാമലീല. ഇപ്പോൾ ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വർഷം തികയുകയാണ്. ഇതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുൺ ഗോപി തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ‘നാളെ രാമലീല റീലീസ് ആയിട്ട് 5 വർഷങ്ങൾ തികയുന്ന ദിവസമാണ്. നാളെയാണ് ഞങ്ങൾ ആരഭിക്കുന്നതും! പ്രാർത്ഥനയോടെ കൂടെ ഉണ്ടാവണം. മാസങ്ങൾക്കു മുമ്പ ഈ സിനിമയ്‌ക്കായുള്ള യാത്രകളുടെ ഇടയിൽ എടുത്ത ചിത്രങ്ങൾ’ എന്നാണ് അരുൺ ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. രാമലീല റിലീസ് ആയ ദിവസം തന്നെ ദിലീപിനെ നായകനാക്കിയുള്ള തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ് എന്നാണ് സംവിധായൻ പറഞ്ഞത്. ചിത്രത്തിന്റെ പൂജ സെപ്റ്റംബർ ആദ്യം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്.
മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം-സാം സി.എസ്, എഡിറ്റർ-വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനൻ-നോബിൾ ജേക്കബ്, കല- സുബാഷ് കരുൺ, സൗണ്ട് ഡിസൈനിംഗ്-രംഗനാഥ് രവി, വസ്ത്രാലങ്കാരം-പ്രവീൺ വർമ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
Comments