അട്ടപ്പാടിയിലെ ജീവിതം പ്രമേയമാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഗ്നേച്ചർ. ഇപ്പോൾ, ചിത്രത്തിലെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. അട്ടപ്പാടിയിലെ ഗോത്ര ഭാഷയായ മുഡുക ഭാഷയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. കട്ടേക്കാട് ഊര് മൂപ്പനും സ്കൂൾ ഹെഡ് മാസ്റ്ററുമായ തങ്കരാജ് മൂപ്പനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. മുഡുക എന്ന ഗാനം ലളിതവും സുന്ദരവുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
എറണാകുളത്താണ് ഗാനത്തിന്റെ റിലീസ് ചടങ്ങ് നടന്നത്. സംവിധായകൻ മനോജ് പാലോടൻ, തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി .എം.ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, നിര്മ്മാതാവ് ലിബിൻ പോൾ, മേക്കപ് മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് സിഗ്നേച്ചർ പറയുന്നത്.
ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ മുപ്പതിലധികം ഗോത്ര വർഗക്കാരും ചിത്രത്തിൽ അഭിനയിക്കുന്നു. നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് തന്നെയാണ്. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 14-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Comments