തൃശ്ശൂർ : ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. താലൂക്ക് ആശുപത്രിക്ക് സമീപമാണ് മൂന്ന് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. നായ്ക്കളുടെ ജഡത്തിന്റെ സമീപത്ത് നിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.വായിൽ നിന്ന് നുരയും മറ്റും വന്ന നിലയിലായിരുന്നു ഇവയെ കണ്ടെത്തിയത്.
ജഡത്തിന് അരികിൽ നിന്ന് കണ്ടെടുത്ത കേക്കിൽ വിഷം ചേർത്ത് നൽകിയതാണോ എന്നുള്ള സംശയമാണ് നിലനിൽക്കുന്നത്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രത്യേകിച്ച് ചാലക്കുടി ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി പരിസരങ്ങളിൽ.ബൈക്ക് യാത്രക്കാരെ പോലും നായ്ക്കൾ കടിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പ്രദേശത്ത് നിന്ന് ജഡം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ നായ്ക്കൾക്ക് വിഷം നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സമാനമായ സംഭവം കോട്ടയത്ത് ഉണ്ടായത്. മൂളക്കുളം, കടുത്തുരുത്തി, കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ, പെരുവയൽ, വൈക്കം എന്നിവിടങ്ങളിലാണ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പല തവണ നാട്ടുകാർക്ക് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നായകളെ പിടികൂടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ നായകളെ വിഷം വച്ച് കൊന്നതായും ആരോപണം ഉയർന്നിരുന്നു.
Comments