ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കും അട്ടിമറി നീക്കങ്ങൾക്കുമൊടുവിൽ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, തിരുവനന്തപുരം എം പി ശശി തരൂർ, ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി എന്നിവരാണ് സ്ഥാനാർത്ഥികൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. എന്നാൽ സച്ചിൻ പൈലറ്റുമായി ഗെഹ്ലോട്ട് ഇടഞ്ഞ് നിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പാർട്ടി നേതൃത്വത്തിന് തലവേദനയായതോടെ ഗെഹ്ലോട്ടിനെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് ദിഗ്വിജയ് സിംഗ് മത്സരിക്കുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ അടങ്ങുന്ന ജി-23 പക്ഷം വിമത നീക്കം നടത്തിയതോടെ, ദിഗ്വിജയ് സിംഗിനെയും പിൻവലിക്കുകയായിരുന്നു.
ദിഗ്വിജയ് സിംഗ് സ്ഥാനാർത്ഥിയാകുമെന്ന സാഹചര്യം വന്നതോടെ ജി-23 നേതാക്കൾ അടിയന്തിരമായി യോഗം ചേർന്നത് ഹൈക്കമാൻഡിന് തലവേദന സൃഷ്ടിച്ചു. വിമത വിഭാഗം, മനീഷ് തിവാരിയെയോ മുകുൾ വാസ്നിക്കിനെയോ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. അത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ, പാർട്ടിയിൽ നെഹ്രു കുടുംബത്തിനുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടിയന്തിര കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ്, ദിഗ്വിജയ് സിംഗിന് പകരം ജി-23 നേതാക്കൾക്ക് കൂടി സമ്മതനായ മല്ലികാർജ്ജുൻ ഖാർഗെയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
ഇതോടെ. ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിലായിരിക്കും മത്സരമെന്ന് ഏറെക്കുറെ വ്യക്തമായി. തന്നെ പിന്തുണച്ചവരെ നിരാശരാക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടി പഴയ രീതിയിൽ പോകണം എന്ന് കരുതുന്നവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. പാർട്ടിയിൽ സമഗ്രമായ മാറ്റം വേണമെന്ന് കരുതുന്നവർ തന്നെ പരിഗണിക്കണമെന്ന് തരൂർ പറഞ്ഞു.
















Comments