രാജ്കോട്ട്: ഗുജറാത്ത് സന്ദർശനത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്. രാജ്കോട്ടിൽ ക്ഷേത്ര ദർശനം നടത്താനെത്തിയ കെജ്രിവാളിന് നേരേ ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വെള്ളം നിറച്ച കുപ്പി വലിച്ചെറിയുകയായിരുന്നു. എന്നാൽ കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഗർബ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി രാജ്കോട്ടിലെ ഖോഡൽധാം ക്ഷേത്രത്തിലെത്തിയതായിരുന്നു കെജ്രിവാൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിയാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനറുടെ ഗുജറാത്ത് സന്ദർശനം.
കുപ്പിയെറിഞ്ഞ ആൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അതേസമയം, കുപ്പിയേറ് ആം ആദ്മി പാർട്ടിയുടെ പുതിയ നാടകമാണെന്ന ആരോപണവുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ രംഗത്ത് വന്നു. കെജ്രിവാളിന്റെ കഴിഞ്ഞ ഗുജറാത്ത് സന്ദർശനത്തിൽ അദ്ദേഹത്തെ അത്താഴത്തിന് ക്ഷണിച്ച ഓട്ടോ റിക്ഷാ ഡ്രൈവർ, താൻ നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കുപ്പിയേറിനെ ഈ സംഭവവുമായി കൂട്ടിക്കെട്ടി ട്രോൾ തീർക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങൾ.
Comments