മൈസൂരു: ഭാരത് ജോഡോ യാത്രയിൽ മകൻ രാഹുൽ ഗാന്ധിയോടൊപ്പം ചേരാൻ സോണിയാ ഗാന്ധിയെത്തി. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഇതിനായി കർണാടകയിലെ മൈസൂരുവിലാണ് എത്തിച്ചേർന്നത്. ഒക്ടോബർ ആറിനാണ് ഭാരത് ജോഡോ യാത്രയിൽ സോണിയയും ഭാഗമാകുക. അതുവരെ കുടകിലുള്ള റിസോർട്ടിൽ സോണിയ തങ്ങും.
സോണിയയ്‌ക്ക് പിന്നാലെ പ്രിയങ്കയും രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുമെന്നാണ് വിവരം. കർണാടകയിലെ കോൺഗ്രസ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക നേരത്തെ തന്നെ വരാൻ ശ്രമിച്ചിരുന്നതാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വരികയായിരുന്നു. പ്രിയങ്കയും സോണിയയും കൂടി എത്തുന്നതോടെ വേണ്ടത്ര വിജയം കാണാതിരുന്ന ഭാരത് ജോഡോ യാത്ര സജീവമാകുമെന്നാണ് വിലയിരുത്തൽ.
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിനായിരുന്നു ഭാരത് ജോഡോ യാത്ര തുടങ്ങിയത്. തമിഴ്‌നാട് മുഴുവൻ സഞ്ചരിച്ച ശേഷം കേരളം മുഴുവനും രാഹുൽ പദയാത്ര നടത്തി. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങൾ പദയാത്ര നടത്തുകയാണ് ലക്ഷ്യം. സെപ്റ്റംബർ 30-നായിരുന്നു യാത്ര കർണാടകയിലെത്തിയത്. അടുത്ത 21 ദിവസം മുഴുവൻ കർണാടകയിലായിരിക്കും. പ്രതിദിനം 25 കിലോമീറ്റർ പദയാത്രയാണ് നടത്തുക.
Comments