വളർത്തുമൃഗങ്ങളുടെ കൊഞ്ചലും കുസൃതിയും നിറഞ്ഞ വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. മനസിന് ആനന്ദം നൽകുമെന്നതിനാൽ ഇത്തരം വീഡിയോകൾ ആവർത്തിച്ച് കാണുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. വളർത്തുനായകളെ സ്‌നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് പ്രമുഖ വ്യാപാരി ഹർഷ ഗോയെങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ ഒമ്പത് ദശലക്ഷം കാഴ്ചക്കാരുണ്ടായ ഈ വീഡിയോ ഏതൊരു മൃഗസ്‌നേഹിയുടെയും മനം നിറയ്‌ക്കുന്നതാണ്.
പ്രായമായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ നായയുമാണ് ദൃശ്യങ്ങളിലുള്ളത്. കാലിന് പരിക്ക് പറ്റിയതിനാൽ അദ്ദേഹം നടക്കാൻ ഏറെ പ്രയാസപ്പെടുന്നതും വീഡിയോയിൽ കാണാം. ഊന്നുവടിയുടെ സഹായത്തോടെ റോഡരികിൽ നടക്കുന്ന ഇദ്ദേഹത്തോടൊപ്പം വളർത്തുനായയുമുണ്ട്. മുടന്തി നടക്കുന്ന തന്റെ യജമാനനെ നോക്കി വളർത്തുനായയും മുടന്തി നടക്കുന്നതാണ് വീഡിയോ. കാലിന് പ്രശ്‌നമൊന്നുമില്ലെങ്കിലും തന്റെ യജമാനനെ അനുകരിച്ച് മുടന്തി നടക്കുന്ന നായ ഇതോടെ താരമാകുകയായിരുന്നു. നായകൾ എപ്പോഴും തങ്ങളുടെ യജമാനനെ പിന്തുടരുക തന്നെ ചെയ്യുമെന്ന അടിക്കുറിപ്പോടെയാണ് ഹർഷ ഗോയെങ്ക വീഡിയോ പങ്കുവെച്ചത്.
Comments