ചെന്നൈ: ലോൺ ആപ്പുകാരുടെ ഭീഷണി ഭയന്ന് ചെന്നൈയിൽ യുവ ഐടി ജീവനക്കാരൻ തൂങ്ങിമരിച്ചു. പെരുംഗുഡിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നരേന്ദ്രൻ എന്ന 23-കാരനാണ് ആത്മഹത്യ ചെയ്തത്. ലോൺ ആപ്പ് മുഖേന നരേന്ദ്രൻ 33,000 രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായി വീട്ടുകാർ പറയുന്നു.
33,000 രൂപ തിരിച്ചടച്ചെങ്കിലും ഇനിയും പണമടയ്‌ക്കേണ്ടതുണ്ടെന്നായിരുന്നു ആപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതിനായി ബന്ധുവിൽ നിന്ന് പണം കടം വാങ്ങി വീണ്ടും ലോൺ ആപ്പിന് നൽകി. എന്നിട്ടും കസ്റ്റമർ സർവീസ് സെന്ററിൽ നിന്നും നരേന്ദ്രന് ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. വീണ്ടും പണം നൽകണമെന്ന് ആവശ്യപ്പെട്ടു. നരേന്ദ്രന്റെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും ഇത് കുടുംബാംഗങ്ങൾക്കും സൂഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ലോൺ ആപ്പിൽ നിന്നും നരേന്ദ്രന്റെ സുഹൃത്തുക്കൾക്കും ഫോൺ കോളുകൾ വരാൻ തുടങ്ങി. ഇതോടെ സഹികെട്ട യുവാവ് മനംമടുത്ത് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.
മേഖലയിൽ പിടിമുറുക്കിയ വിവിധ ലോൺ ആപ്പുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. നരേന്ദ്രന്റെ മൊബൈൽ ഫോണും വിശദമായി പരിശോധിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments