കൊച്ചി : ഓറഞ്ചുകൾക്കിടയിൽ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ അങ്കമാലി മുക്കന്നൂർ സ്വദേശി വിജിൻ വർഗീസ് പിടിയിലായതിന്റെ ഞെട്ടലിലാണ് നാട്. ആപ്പിളും ഓറഞ്ചും വിലകുറച്ച് വിറ്റും മലയാളികൾ കണ്ടിട്ട് പോലുമില്ലാത്ത പഴങ്ങൾ ഇറക്കുമതി ചെയ്തും മറ്റ് കച്ചവടക്കാരെയാകെ പ്രതിസന്ധിയിലാക്കിയ പഴ ഗോഡൗണായിരുന്നു വിജിന്റേത്. ഇതിൽ നിന്നെല്ലാം ഇവർ എങ്ങനെ ലാഭം നേടുമെന്ന് പോലും പലരും ചിന്തിച്ചിട്ടുണ്ട്. എന്നാൽ പഴക്കച്ചവടത്തിന് മറവിൽ വൻ ലഹരിക്കടത്ത് നടത്തുന്നുവെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്.
വിജിനും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് കാലടിയിലെ ഗോഡൗണിൽ വിൽപ്പന ആരംഭിച്ചത്. ദുബായ് ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷണൽ എന്ന പേരിൽ വ്യാപാര സ്ഥാപനം ആരംഭിച്ചത് കൊറോണ കാലത്താണ്. മാസ്‌കും പിപിഇ കിറ്റും ഉൾപ്പെടെയുള്ള കൊറോണ പ്രതിരോധ വസ്തുക്കളാണ് ആദ്യം കയറ്റുമതി ചെയ്തിരുന്നത്. പിന്നീടിത് പഴക്കച്ചവടത്തിലേക്ക് കടന്നു.
ദുബായിലും ബഹ്‌റിനിലും സൗദി അറേബ്യയിലും ഓഫീസുകൾ ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. പഴവും പച്ചക്കറിയും കയറ്റുമതിയും ഇറക്കുമതിയും ചെയ്തുവന്നു. ഇതിന്റെ മറവിലാണ് ഇവർ ലഹരിക്കടത്ത് നടത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് പുറമേ തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു എന്നാണ് കണ്ടെത്തൽ. ഇവർക്കൊപ്പം കൂട്ടുകച്ചവടം നടത്തിയ മോർ ഫ്രഷ് എക്‌സ്‌പോർട്‌സ് കമ്പനി ഉടമ മൻസൂറിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കെത്തുന്ന ലഹരിമരുന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്തിരുന്നത് എന്നാണ് വിജിന്റെ മൊഴി. എന്നാൽ ഈ സംഘത്തിന് ഇന്ത്യയിലെ വിതരണ ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments