ബാരാമുളള: കശ്മീരിൽ തനിക്ക് ബുളളറ്റ് പ്രൂഫിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ച് അമിത് ഷാ. ബാരാമുളളയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വേദിയിൽ സ്ഥാപിച്ച ബുളളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെക്കൊണ്ട് നീക്കിയ ശേഷമാണ് പ്രസംഗം ആരംഭിച്ചത്. മുൻപും കശ്മീരിൽ പ്രസംഗിക്കാനെത്തിയ അമിത് ഷാ വേദിയിൽ ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചത് നീക്കം ചെയ്യിപ്പിച്ചിരുന്നു.
ബാരാമുളളയിലെ പ്രൊഫ. ഷൗക്കത്ത് അലി മിർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി.
അമിത് ഷായുടെ പ്രസംഗത്തിനൊപ്പം ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ നീക്കം ചെയ്യുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ട്വിറ്ററിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുളളവർ വീഡിയോ പങ്കുവെച്ചു. തനിക്ക് ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്നും അതിൽ യാതൊരു തടസവും വേണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കാൻ നിർദ്ദേശം നൽകിയത്.
നേരത്തെ 2021 ഒക്ടോബറിലും കശ്മീരിലെത്തിയ അമിത് ഷാ ബുളളറ്റ് പ്രൂഫ് സുരക്ഷ ഒഴിവാക്കിയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. കശ്മീരിലെ മെച്ചപ്പെട്ട പൊതുസുരക്ഷയുടെ ഉദാഹരണമായി അന്ന് ആ സംഭവം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹം ബുളളറ്റ് പ്രൂഫ് കവചത്തിന്റെ സുരക്ഷയില്ലാതെ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചത്.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യത്തെ കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് പറയുന്നത് പാകിസ്താനി ഭീകരവാദികൾക്ക് ചുവപ്പുപരവതാനി വിരിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു. കോളജുകൾ അടച്ചുപൂട്ടി യുവാക്കളുടെ കൈയ്യിൽ കല്ലും മെഷീൻ ഗണ്ണും നൽകുകയാണ് ഗുപ്കർ മോഡലെന്നും എന്നാൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അവരെ തൊഴിലിനായി പ്രാപ്തരാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഐഐഎമ്മും ഐഐടിയും എയിംസുമൊക്കെ കശ്മീരിലെ യുവാക്കൾക്ക് നൽകുന്നതാണ് യോഗി മോഡലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments