മുംബൈ: ഉദ്ധവ് താക്കറെയുടെയോ തന്റേയോ അല്ല ശിവസേന എന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ശിവസേന എന്നാൽ ബാൽ താക്കറെയുടെ ചിന്തകളാണെന്നും ബാലാസാഹെബ് താക്കറെയുടെ പൈതൃകത്തിന്റെ യഥാർത്ഥ അവകാശികൾ ആരാണെന്ന് വ്യക്തമാക്കാൻ വൻ ജനക്കൂട്ടം തന്നെ തെളിവാണെന്നും ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന റാലിയിൽ ഉദ്ധവ് താക്കറെ ഷിൻഡെയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഉദ്ധവിന് തക്കതായ മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ രംഗത്തു വന്നത്.
ഏകനാഥ് ഷിൻഡെയെ “രാജ്യദ്രോഹി” എന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. പക്ഷം മാറാൻ എംഎൽഎമാർക്ക് 50 കോടി ഷിൻഡെ വാഗ്ദാനം ചെയ്തു. ഈ വർഷത്തെ രാവണൻ വ്യത്യസ്തമാണ്. രാവണന് പണ്ട് 10 തലകളുണ്ടായിരുന്നു, എന്നാൽ ഈ രാവണന് 50 എണ്ണം ഉണ്ട് എന്നായിരുന്നു ഉദ്ധവിന്റെ വിമർശനം. ഇതിനുള്ള മറുപടിയാണ് ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഷിൻഡെ നൽകിയത്. ബാൽ താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശികൾ ആരെന്ന് മനസ്സിലാക്കാൻ ഈ ജനക്കൂട്ടം തന്നെ ധാരാളമാണ്. മഹാരാഷ്‌ട്രയിലെ ജനങ്ങൾ നിങ്ങളെയും ബിജെപിയെയും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്തു. എന്നാൽ നിങ്ങൾ കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കി ജനങ്ങളെ വഞ്ചിച്ചു. ജനങ്ങളെ വഞ്ചിച്ചതിന് മുംബൈയിലെ ബാൽ താക്കറെയുടെ സ്മാരകത്തിൽ ഉദ്ധവ് മുട്ടുകുത്തി മാപ്പ് പറയുകയാണ് വേണ്ടെതെന്നും ഷിൻഡെ തുറന്നടിച്ചു.
സ്വന്തം കുടുംബത്തെ പോലും ഒരുമിച്ച് നിർത്താൻ ഉദ്ധവ് താക്കറെയ്‌ക്ക് കഴിയുന്നില്ല. സഹോദരനോ ബന്ധുക്കളോ നിങ്ങൾക്കൊപ്പമില്ല. രാജ് താക്കറെ നിങ്ങൾക്കെതിരാണ്. സ്വന്തം കുടുംബത്തെ പോലും നശിപ്പിച്ച ആളാണ് ഉദ്ധവ്. അങ്ങനെയുള്ള ഒരാൾ സംസ്ഥാനത്തെ തകർത്തു എന്നതിൽ അത്ഭുതപ്പെടാൻ ഇല്ലെന്ന് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവ് രാംദാസ് കദവു വിമർശിച്ചു. തന്റെ ഒപ്പമുള്ളവരാണ് യഥാർത്ഥ ശിവസേനക്കാർ എന്ന് അവകാശപ്പെടുന്ന ഉദ്ധവിനുള്ള മറുപടിയാണ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന റാലിയിലെ വൻ ജന പങ്കാളിത്തം. പതിനായിരങ്ങളാണ് ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലി പങ്കെടുത്തത്.
Comments