സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. എന്നാൽ ടീസർ വലിയ വിമർശനങ്ങളാണ് നേരിട്ടത്. ചിത്രത്തിന്റെ വിഎഫ്എക്‌സിനെയാണ് കൂടുതൽ ആൾക്കാരും കുറ്റപ്പെടുത്തിയത്. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്ന കാർട്ടൂണുകൾക്ക് ഇതിലും നിലവാരം ഉണ്ടെന്നായിരുന്നു പ്രധാന വിമർശനം. മാത്രമല്ല, സിനിമയിൽ രാവണനും ഹനുമാനും അടക്കമുള്ള കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന വേഷങ്ങളെപ്പറ്റിയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ, ആദിപുരുഷ് ടീസറിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് രാമായണം സീരിയലിൽ സീതയായി വേഷമിട്ട് ശ്രദ്ധനേടിയ ദീപിക ചിഖലിയ.
ടീസറിലെ രാവണനെ കാണുമ്പോൾ മുഗളന്മാരെ പോലെയാണ് തോന്നുക എന്നാണ് ദീപിക ചിഖലിയ പ്രതികരിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ വികാരത്തെ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. ‘സിനിമ നന്നാകണമെങ്കിൽ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയണം. ശ്രീലങ്കയിൽ നിന്നുള്ള ഒരു കഥാപാത്രം ഒരിക്കലും മുഗളൻമാരെപ്പോലെ ആകരുത്. എന്നാൽ ടീസറിൽ മുഗളരുടെ ഛായയാണ് രാവണന്. കാലം മാറിയതിനനുസരിച്ച് സിനിമയിൽ വിഎഫ്എക്‌സ് വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ പ്രേക്ഷകരുടെ വികാരത്തെ മാനിക്കേണ്ടതുണ്ട്. ചെറിയ ടീസർ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്നാണ് തന്റെ പ്രതീക്ഷ’ എന്നാണ് ദീപിക ചിഖലിയ പറഞ്ഞത്.
പീരിയഡ് ആക്ഷൻ ചിത്രമായ തൻഹാജിയ്‌ക്ക് ശേഷം ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ഭഗവാൻ രാമനായി പ്രഭാസ് വേഷമിടുമ്പോൾ രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുക. സീതയായി കൃതി സനോൻ, ലക്ഷ്മണനായി സണ്ണി സിംഗ്, ഹനുമാൻ ആയി ദേവദത്ത നാഗേ എന്നിവരും വേഷമിടുന്നു. ഇവരെ കൂടാതെ വത്സൽ ഷേത്ത്, സോണാൽ ചൗഹാൻ, തൃപ്തി തോരാദ്മൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. രാവണൻ തട്ടികൊണ്ടുപോയ സീത ദേവിയെ രക്ഷിച്ച് തിരികെ എത്തിക്കുന്ന ഭാഗമാണ് ആദിപുരുഷനിൽ ദൃശ്യവത്കരിക്കുന്നത്. 500 കോടി മുതൽ മുടക്കിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.















