നേരിട്ടുള്ള യുദ്ധത്തിലേയ്‌ക്ക് നയിക്കരുത്; അമേരിക്കയ്‌ക്കും സഖ്യസേനയ്‌ക്കും മുന്നറിയിപ്പുമായി വീണ്ടും റഷ്യ

Published by
Janam Web Desk

മോസ്‌കോ: യുക്രെയ്‌നെ മറയാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിക്കൊള്ളുവെന്ന മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക യുക്രെയ്‌ന് 625 ദശലക്ഷം ഡോളറിന്റെ സഹായം നൽകിയതിന് പിന്നാലെ ആയുധവും എത്തിച്ചതിൽ പ്രതിഷേധി ച്ചാണ് റഷ്യയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ റഷ്യൻ അംബാസഡറാണ് റഷ്യയുടെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചത്.

യുക്രെയ്‌ന് യുദ്ധ സഹായം നൽകുക എന്നാൽ നേരിട്ട് തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അമേരിക്കയുടെ പ്രകോപന നീക്കം സഖ്യസേനയ്‌ക്കെതിരേയും യുദ്ധം നടത്താൻ തങ്ങളെ നിർബന്ധിതരാക്കും. അതിശക്തമായ വെല്ലുവിളിയാണ് തങ്ങളുടെ അഖണ്ഡതയ്‌ക്കെതിരെ നാറ്റോ ഉയർത്തുന്നതെന്നും റഷ്യ ആരോപിച്ചു.

വിവിധ തരം ആയുധങ്ങളും യുദ്ധോപകരണങ്ങളും കഴിഞ്ഞയാഴ്ചയും നാറ്റോ വിമാനങ്ങൾ വഴി യുക്രെയ്‌നിലെത്തിയെന്നാണ് റിപ്പോർട്ട്. മിസൈലുകളും അമേരിക്ക യുക്രെയ്‌ന് നൽകിക്കഴിഞ്ഞു. ഐക്യരാഷ്‌ട്രസഭയിൽ റഷ്യയ്‌ക്കെതിരെ ഭൂരിപക്ഷം രാജ്യങ്ങളും പ്രമേയം പാസാക്കിയതിന് പിന്നാലെ നാല് പ്രവിശ്യകൾ കൂട്ടിച്ചേർത്തുവെന്ന റഷ്യയുടെ പ്രഖ്യാപനത്തെ നാറ്റോ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ആണവാക്രമണ ഭീഷണിയും റഷ്യ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്‌ന് ആയുധങ്ങളെത്തിച്ചതോടെ മേഖലയിൽ പ്രശ്‌നം സങ്കീർണ്ണമാവുകയാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Share
Leave a Comment