ന്യൂഡൽഹി : കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അർജുൻ മുണ്ഡ രംഗത്ത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പര്യടനം നടത്തുന്നതിന്റെ മറവിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് അർജുൻ മുണ്ഡ ആരോപിച്ചു. രാജ്യത്തെ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ കോൺഗ്രസ് ഭരണകാലത്ത് എന്തുകൊണ്ട് കശ്മീരിനെ മാറ്റി നിർത്തിയെന്നും അദ്ദേഹം ചോദിച്ചു.
ഭാരതത്തെ ഒന്നിപ്പിക്കാൻ എന്ന പേരിലാണ് കോൺഗ്രസ് ഇപ്പോൾ യാത്ര നടത്തുന്നത്. കോൺഗ്രസ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് എന്തുകൊണ്ടാണ് ഈ ആശയങ്ങൾ നടപ്പിലാക്കാതിരുന്നത് ? ജമ്മു കശ്മീരിന് അമിതാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കോൺഗ്രസിന് അന്നേ എടുത്തുമാറ്റാമായിരുന്നു. ഇത്രയും വർഷം രാജ്യം ഭരിച്ചിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല എന്നും അർജുൻ മുണ്ഡ ചോദിച്ചു.
കോൺഗ്രസിന്റെ അടിസ്ഥാനപരമായ സ്വഭാവം ഇന്ന് എല്ലാവർക്കും മനസിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളയാൻ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് ഭാരത് ജോഡോ നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎയുമാണ്. രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് ബിജെപി സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments