തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടവുമായി ബന്ധപ്പെട്ട് ബസ് ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. ലൂമിനസ് എന്ന ടൂറിസ്റ്റ് ബസിന്റെ ഉടമ അരുൺ (30) ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കോട്ടയം പാമ്പാടി പങ്ങട സ്വദേശിയായ അരുൺ പാലക്കാട് വെച്ചാണ് പിടിയിലായത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ 19 തവണയാണ് ഇയാൾ അലർട്ടുകൾ അവഗണിച്ചത്. അമിതവേഗത കൃത്യമായി ചൂണ്ടിക്കാട്ടുന്ന അലർട്ട് മെസേജുകൾ ലഭിച്ചിട്ടും അരുൺ നിരന്തരമായി അത് അവഗണിച്ചു. ഇതുകൂടാതെ അപകടത്തിന് പിന്നാലെ ഡ്രൈവർ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.
അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 134 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. 11 ബസുകൾ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതായും 18 ബസുകളിൽ അനുമതിയില്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതായും കണ്ടെത്തി. ആകെ 2.16 ലക്ഷം രൂപ പിഴയീടാക്കിയെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
















Comments