മുംബൈ: ശിവസേനയിലെ ചിഹ്നതർക്കത്തിൽ നിലപാട് അറിയിക്കാൻ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിക്കുള്ളിൽ സത്യവാങ്മൂലം നൽകാനാണ് നിർദേശം. ഏക്‌നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
അന്ധേരി ഈസ്റ്റ് നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ നാലിനായിരുന്നു ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഷിൻഡെ അപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ ഉദ്ധവ് പക്ഷത്തിന്റെ നിലപാട് അറിയിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചില്ലെങ്കിൽ മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതേസമയം നിർദ്ദിഷ്ട സമയത്തിനുള്ളിൽ വിഷയത്തിൽ നിലപാട് അറിയിക്കുമെന്ന് ഉദ്ധവ് പക്ഷ നേതാവ് ഇനിൽ ദേശായി പ്രതികരിച്ചു.
മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഷെ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ആദ്യമായി നടക്കുന്ന വോട്ടെടുപ്പാണ് അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ്. യഥാർത്ഥ ശിവസേനയേതെന്ന് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
Comments