കോട്ടയം: പാലായിലെ തോൽവിയിൽ വിശദീകരണവുമായി ജോസ് കെ മാണി. പാലായിൽ താൻ പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ജോസ് കെ മാണി പറയുന്നത്. രണ്ട് വർഷം മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിനെ പാല അഭിമുഖീകരിച്ചതേ ഉണ്ടായിരുന്നുള്ളൂ. അന്ന്, സിപിഐഎം നേതാക്കളും പ്രവർത്തകരും ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പ്രചരണം നടത്തിയത്. അത് കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും തിരഞ്ഞെടുപ്പ് വന്നു. അപ്പോൾ, അതേ സ്ഥാനാർത്ഥി മറുവശത്തും ഇടതുമുന്നണി തനിക്ക് വേണ്ടിയും പ്രചരണം നടത്തി. ഇത് പരാജയത്തിന് ഒരു കാരണമായി. മാത്രമല്ല, പാലായിൽ യുഡിഎഫും ബിജെപിയും തമ്മിൽ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ജോസ് കെ മാണി വാദിക്കുന്നു.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഒരു കേഡർ പാർട്ടിയാക്കാനുള്ള ശ്രമങ്ങളിലായതിനാലാണ് പൊതുപരിപാടികളിലൊന്നും തന്നെ ഇപ്പോൾ കാണാത്തതെന്ന് ജോസ് കെ മാണി പറയുന്നു. എൽഡിഎഫ് സർക്കാർ തുടങ്ങിവെച്ചത് തുടർന്ന് നടത്താനുള്ള അവസരം തേടിയാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുമുന്നണിയുടെ ഭാഗമായത്. തങ്ങൾ ഇടത് മുന്നണിയ്ക്കൊപ്പം ചേർന്നതോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇതുവരെ വിജയിക്കാൻ കഴിയാത്ത ഇടങ്ങളിൽ പോലും ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞുവെന്ന് ജോസ് കെ മാണി പറഞ്ഞു.
ഇപ്പോൾ കോട്ടയത്തെ 70% പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10-ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇടതുമുന്നണിയുടെ ഭാഗമായതോടെ തങ്ങൾ എല്ലാ ജില്ലകളിലും മത്സരിച്ചു. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യമാണിത്. അതിനാൽ എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചത് രാഷ്ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
Comments