ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം സീറ്റ് നൽകുമെന്ന വാഗ്ദാനവുമായി മല്ലികാർജ്ജുൻ ഖാർഗെ.ഹൈദരാബാദിലും വിജയവാഡിലും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെയും പാർട്ടി പ്രവർത്തകരെയും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഉദയ്പൂർ പ്രഖ്യാപനത്തിൽ പാർട്ടിയിലെ 50 ശതമാനം സീറ്റുകളും 50 വയസിനുതാഴെയുള്ള ആളുകൾക്ക് നൽകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു ഞാനത് ചെയ്യുമെന്നായിരുന്നു ഖാർഗെയുടെ പ്രസ്താവന.യുവാക്കൾ ഗ്രാൻഡ് ഓൾഡ് പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്നു എന്ന വാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ്, ഖാർഗെ ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിനെ യുവ നേതാവ് നയിക്കണമെന്ന നിർദ്ദേശങ്ങൾക്കിടയിലാണ് ഖാർഗെയുടെ ഈ പ്രസ്താവന.
കർഷകർ, തൊഴിലാളികൾ, എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, ചെറുകിട വ്യവസായികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ശ്രമിക്കുമെന്നും ഖാർഗെ പറഞ്ഞു. യുവാക്കളും സ്ത്രീകളും ഉൾപ്പെടെ എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിലും ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിലർ പാർട്ടി മാറിയത് സിബിഐയെയും ഇ ഡിയെയും ഭയന്നിട്ടാണെന്നും അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസിനെ യുവ ഇന്ത്യയുടെ പാർട്ടിയാക്കി മാറ്റാനാണ് ആഗ്രഹമെന്ന് ശശി തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരവധി യുവനേതാക്കൾ ശശി തരൂരിന്റെ വാക്കുകളെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾക്കൊപ്പം യുവനേതാക്കളുടെ പിന്തുണകൂടി ഉറപ്പിക്കാനാണ് ഖാർഗെയുടെ 50 ശതമാനം സീറ്റെന്ന വാഗ്ദാനമെന്നാണ് വിലയിരുത്തൽ.
Comments