ദിസ്പൂർ: കാസിരംഗ ദേശീയോദ്യാന മേഖലയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നാഷണൽ പാർക്ക് ഏരിയയിലെ ഹൈവേയിൽ വെച്ച് റോഡിലേക്ക് കയറിവരികയായിരുന്ന കാണ്ടാമൃഗത്തെ ട്രക്ക് ഇടിക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ട്രക്ക് ഡ്രൈവറെ കണ്ടെത്തി പോലീസ് പിഴ ചുമത്തി. കാണ്ടാമൃഗങ്ങളുടെ വാസസ്ഥലത്ത് സംഭവിക്കുന്ന നിയമലംഘനങ്ങൾ അനുവദിക്കുന്നതല്ലെന്ന് അസം മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് നടപടി.
Rhinos are our special friends; we’ll not allow any infringement on their space.
In this unfortunate incident at Haldibari the Rhino survived; vehicle intercepted & fined. Meanwhile in our resolve to save animals at Kaziranga we’re working on a special 32-km elevated corridor. pic.twitter.com/z2aOPKgHsx
— Himanta Biswa Sarma (@himantabiswa) October 9, 2022
അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കപ്പെടുകയും വികസന പദ്ധതികൾ മികച്ചതാവുകയും ചെയ്യുന്നത് മൂലം വന്യമൃഗങ്ങൾക്ക് റോഡപകടങ്ങൾ സംഭവിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതിനുദാഹരണമാണ് കാസിരംഗയിലുണ്ടായ അപകടം. അതിനാലാണ് കുറ്റകൃത്യത്തിനെതിരെ അതിവേഗം നടപടി സ്വീകരിച്ച് ജനങ്ങൾക്കൊരു മുന്നറിയിപ്പ് നൽകാൻ അസം സർക്കാർ തീരുമാനിച്ചത്.
ഹൽദിബാരി ഇടനാഴിയിൽ 40 കിലോ മീറ്റർ വേഗതയാണ് വാഹനങ്ങളുടെ വേഗപരിധി. അപകടം സംഭവിക്കുമ്പോൾ 52 കിലോ മീറ്റർ വേഗതയിലായിരുന്നു ട്രക്ക് സഞ്ചരിച്ചിരുന്നത്. കാട്ടിൽ നിന്നും റോഡിലേക്ക് കയറിവന്ന കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചതിന് പിന്നാലെ തെറിച്ചുവീണ മൃഗം അവിടെനിന്ന് രക്ഷപ്പെട്ട് പോകാൻ ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അവിടെ തന്നെ വീഴുന്ന കാണ്ടാമൃഗത്തെയാണ് ദൃശ്യങ്ങളിൽ കാണാനാകുക.
കാണ്ടാമൃഗങ്ങൾ നമ്മുടെ വളരെ ‘സ്‌പെഷ്യലായ’ സുഹൃത്തുക്കളാണെന്നും അവരുടെ വാസസ്ഥലത്തേക്ക് കടന്നുചെന്ന് നാം കാണിക്കുന്ന നിയമലംഘനങ്ങൾ ഒരുകാരണവശാലും അനുവദിക്കുന്നതല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. നിർഭാഗ്യകരമായ ഈ അപകടത്തെ കാണ്ടാമൃഗം അതിജീവിച്ചതായും അദ്ദേഹം പറഞ്ഞു.
















Comments