കൊച്ചി : നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതു നിരത്തിൽ ഇറക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. നിയമ വിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിപ്പിക്കാൻ പാടില്ല. അത്തരം വാഹനങ്ങൾ ഉടൻ പിടിച്ചെടുക്കണമെന്നും കോടതി പറഞ്ഞു. അപകടത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തുകളിൽ ഇറങ്ങാൻ പാടില്ലെന്നാണ് ഹൈക്കോടതി താക്കീത് നൽകിയത്. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നെസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാം. ഇത്തരം വാഹനങ്ങൾ വിനോദയാത്രയ്ക്ക് വിളിക്കുന്ന സ്കൂൾ അധികൃതരും കുറ്റക്കാരാണ്.
നിയമവിരുദ്ധമായ ലൈറ്റ് ഘടിപ്പിച്ചാലും ഗ്രാഫിക്സ് ഉപയോഗിച്ചാലും വാഹനങ്ങൾ പിടിച്ചെടുക്കണം. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചു. എന്നാൽ ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലത്തൂർ ഡി.വൈ.എസ്.പി കോടതിയിൽ നേരിട്ട് ഹാജരായി.
അതേസമയം വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിലെ വേഗപൂട്ടിൽ ക്രിതൃമം നടത്തിയവരെ കണ്ടെത്തി കേസ് എടുക്കാൻ തീരുമാനമായി. അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പോലീസിന് കത്ത് നൽകും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത യോഗത്തിലാണ് തീരുമാനം.
അപകടകാരണം അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും ആണെന്ന മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് ബസുകളിൽ നിരന്തരം നിരീക്ഷണം നടത്താനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
















Comments