കാൻബെറ: ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസിന് ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റാണ് മന്ത്രി സമ്മാനിച്ചത്. ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ നടന്ന കൂടക്കാഴ്ചയിലാണ് ജയ്ശങ്കർ ക്രിക്കറ്റ് ബാറ്റ് നൽകിയത്.
വിദേശകാര്യമന്ത്രി കാൻബെറയിലെത്തിയതിൽ സന്തോഷമുണ്ട്. ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രിക്കറ്റിനോടുള്ള അഭിനിവേശമെന്നും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒപ്പുവെച്ച ബാറ്റ് ലഭിച്ചത് തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാറ്റ് സമ്മാനമായി നൽകുന്നതിന്റെ ചിത്രങ്ങളും മാൾസ് ട്വിറ്ററിൽ പങ്കുവെച്ചു.
മാൾസിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആഗോളതലത്തിലുള്ള സുരക്ഷ സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചെന്നും ജയ്ശങ്കർ ട്വിറ്ററിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെട്ട രീതിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൻബെറ സന്ദർശനത്തിനിടെ ജയശങ്കർ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയറുമായും കൂടിക്കാഴ്ച നടത്തി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വിദ്യാഭ്യാസത്തിനെകുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അദ്ദേഹം ഓസ്‌ട്രേലിയൻ യുദ്ധസ്മരകം സന്ദർശിക്കുകയും ചെയ്തു.
Comments