ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് എൻഐഎ. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള അൽ-ഹുദ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ട്രസ്റ്റ് വഴി ഭീകര സംഘടനകൾക്ക് പണം നൽകിയത് സംബന്ധിച്ചാണ് പരിശോധനകൾ നടത്തിയത്.
ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗർ, പുൽവാമ, ഷോപ്പിയാൻ, ബുദ്ഗാം, ബന്ദിപോറ എന്നീ ജില്ലകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ലാപ്പ്‌ടോപ്പുകൾ, ചെക്ക്ബുക്കുകൾ, ഭൂമി സംബന്ധമായ രേഖകൾ തുടങ്ങിയവ കണ്ടെടുത്തു.
ട്രസ്റ്റിന്റെ ഫണ്ടിംഗ് പാറ്റേണും പ്രവർത്തനരീതിയും കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ കേസെടുക്കുകയായിരുന്നു. 2019-ലാണ് തീവ്രവാദ ബന്ധം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. കഴിഞ്ഞ മാസം ജമ്മു കശ്മീർ പോലീസിന്റെ അന്വേഷണ ഏജൻസി ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാ-ഇ-ആം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
















Comments