സൗന്ദര്യസംരക്ഷണത്തിനും പനിയും ജലദോഷവും പോലുള്ള ബുദ്ധിമുട്ടുകളും വരുമ്പോൾ നമ്മൾ ആവി പിടിക്കാറുണ്ടല്ലേ? മുഖചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് ചർമ്മത്തിന് ആവശ്യമായ ഒക്‌സിജൻ ലഭിക്കുവാൻ ഈ ചികിത്സാ രീതി നല്ലതാണെങ്കിലും അമിതമായാൽ ആവി പിടുത്തം വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അതായത് ആവി പിടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നർത്ഥം.
ആവി പിടിക്കുന്ന വെള്ളത്തിൽ ബാമുകൾ ചേർക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. തുളസിയില,യുക്കാലി തൈലം, രാമച്ചം,പനിക്കൂർക്കൂർക്കയുടെ ഇല, എന്നിവയിട്ട വെള്ളമാണ് ഉത്തമം. മഞ്ഞൾപ്പൊടി ചേർത്ത വെള്ളം ആവി പിടിക്കാൻ ഉപയോഗിക്കുന്നത് പകർച്ച വ്യാധികൾ ഉണ്ടാകുന്നത് തടയും. ഇലകൾ നന്നായി ചൂടായ ശേഷമേ ആവി പിടിക്കാവൂ.
വേപ്പറൈസുകളോ, സ്റ്റീമറുകളോ ഉപയോഗിച്ച് ആവി പിടിക്കുമ്പോൾ പ്ലഗിന്റെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം വെള്ളം ഒഴിക്കാവൂ. ആവി പിടിക്കുമ്പോൾ കോട്ടൺ ടവ്വലോ തുണിയോ ഉപയോഗിച്ച് തല മൂടണം. വൃത്തിയുള്ള തുണി ഇതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കണ്ണിലേയ്‌ക്ക് നേരിട്ട് ആവി അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കണ്ണിന് മുകളിൽ നനഞ്ഞ തുണി കെട്ടി വയ്‌ക്കാം. അല്ലെങ്കിൽ കുക്കുംബർ ഒട്ടിച്ചു വയ്‌ക്കാം.കണ്ണിലേക്ക് ആവി നേരിട്ട് തട്ടിയാൽ അത് കാഴ്ച ശക്തി കുറയുന്നതിന് കാരണമാകും.
അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെ മാത്രം ആവി പിടിക്കാൻ ചെലവഴിക്കുക. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ആവി പിടിക്കാവൂ. ആവി പിടിച്ചതിന് ശേഷം മുഖം തുടച്ച് മോയ്‌സചർ ചെയ്യുക.
ആവി പിടിക്കുമ്പോൾ ചൂടിൽ നിന്നും കൃത്യമായ അകലം പാലിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളി വിപരീത ഫലം ഉണ്ടാവാനിടയുണ്ട്. നെലാസ്മ, അഥവാ കരിമാഗല്യം ഉള്ളവർ സ്ഥിരമായി ആവി പിടിക്കുന്നത് ഒട്ടും നല്ലതല്ലെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. കരിമംഗല്യം,മുഖത്ത് ചുവന്ന തുടിപ്പ്,വരണ്ടചർമ്മം,റോസേഷ്യ,മുഖക്കുരു എന്നിവയുള്ളവർ സ്ഥിരമായി ആവി പിടിക്കുന്നത് ചർമ്മപ്രശ്‌നങ്ങളെ സങ്കീർണ്ണമാക്കുമത്രേ.















