കൊല്ലം: കടയ്‌ക്കലിലെ പ്രധാന പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം. ഇന്ന് രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ജനലിന്റെ കമ്പി മുറിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.
പോസ്റ്റോഫീസിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 1.25 ലക്ഷം രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം.
സംഭവമറിഞ്ഞ് കടയ്‌ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘങ്ങളെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് നീക്കം.
കടയ്‌ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 50 മീറ്റർ അകലെയുള്ള പ്രധാന പോസ്റ്റോഫീസിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.














