എറണാകുളം: പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോവളം പോലീസ് കേസ് എടുത്തത്. അതേസമയം കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
പരാതിയുടെയും, പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, തട്ടിക്കൊണ്ട് പോകൽ, ഉപദ്രവിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോഴായിരുന്നു പീഡനവും ഉപദ്രവവും എന്നാണ് യുവതിയുടെ മൊഴി.
ബന്ധത്തിൽ നിന്നും പിന്മാറുകയാണെന്ന് എംഎൽഎയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ അതിക്രമിച്ച് കയറിയ എംഎൽഎ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കോവളത്തുവെച്ച് മർദ്ദിച്ചതായും മൊഴിയുണ്ട്. ഇതേ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനിടെ യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബോധരഹിതയായി വീണു.
അദ്ധ്യാപികയായ യുവതിയാണ് എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം യുവതി മജിസ്‌ട്രേറ്റിന് മുൻപിൽ മൊഴി നൽകിയിരുന്നു.
















Comments